Sunday 27 June, 2010

ചിരി

ചിരി

വഴിയരികിൽ പൂത്തുനിന്ന കണിക്കൊന്ന മരം ചിരിയ്ക്കുകയായിരുന്നു. അതിന്റെ സ്വർണ്ണവർണ്ണമുള്ള പൂക്കളും. അല്ലെൻകിലും പൂക്കൾ കരയാറില്ലല്ലോ...

അവർ ചിരിയ്ക്കുകയായിരുന്നു. കൊന്നമരത്തിനു ചുറ്റും നിന്ന്‌ അവർ പലതും പിറുപിറുത്തു. ചിലർ എന്തൊക്കെയോ അളവുകളെടുക്കുന്നുണ്ടായിരുന്നു. അവരുടെ ചാക്കുകെട്ടിനുള്ളിലിരുന്ന്‌ 'മഴു'വും ചിരിക്കുകയായിരുന്നു...

...ചാക്കുകെട്ടഴിഞ്ഞു. മഴു വീണ്ടും ചിരിച്ചു. കൊന്നപ്പൂക്കൾ കൊഴിഞ്ഞു വീണു...



*******************************************



അവിടെ ഉയർന്ന്‌ വന്ന പരസ്യബോർഡ്‌ അതിമനോഹരമായിരുന്നു. അതിനടിയിലെ പച്ച അക്ഷരങ്ങൾ മന്ത്രിച്ചു--


"...പ്രകൃതി എക്കോ ഫ്രന്റ്ലി പ്രോഡക്ട്സ്‌..."


കൊഴിഞ്ഞു വീണ കൊന്നപ്പൂക്കൾ അപ്പോഴും ചിരിക്കുകയായിരുന്നു.

Friday 7 September, 2007

ഗേള്‍ഫ്രണ്ട്‌

ഇന്നലെ സിറ്റി 'സെന്‍ട്രല്‍'ലെ ഗിഫ്റ്റ്‌സ്‌ കോര്‍ണറില്‍ വെച്ചാണ്‌ സമീറിനെ കുറെക്കാലങ്ങല്‍ക്ക്‌ ശേഷം കാണുന്നത്‌.അമ്മയ്ക്കൊരു പിറന്നാള്‍ സമ്മാനം വാങ്ങാന്‍ കയറിയതായിരുന്നു. ഒറ്റപ്പെട്ട നഗരജീവിതത്തിന്റെയും മള്‍ടിനാഷണല്‍ ജോലിയുടെയും തിരക്കില്‍ ഇത്തരം പരിചയമുള്ള മുഖങ്ങള്‍ തരുന്ന ആശ്വാസം ചില്ലറയല്ല.സ്കൂളിലെ അടുത്ത സുഹൃത്തൊന്നുമായിരുന്നില്ലെങ്കിലും ആ മുഖം മനസ്സില്‍ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടാക്കിയതും അതുകൊണ്ടായിരിക്കാം.എന്നാലും കണ്ടാല്‍ പരിചയം നടിക്കുമോയെന്നുറപ്പില്ലാത്തതുകൊണ്ട്‌ ശ്രദ്ധിക്കാതെ നടന്നു.എന്നാല്‍ ആ ധാരണ തെറ്റാണെന്ന് പിന്നീട്‌ മനസ്സിലായി. ചെറിയൊരു ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ട്‌ ഒരു 'സമീര്‍ സ്റ്റൈല്‍ ഹലോ' പറഞ്ഞു.
"കണ്ടിട്ട്‌ ശ്രദ്ധിക്കാതെ പൊയ്ക്കളയാമെന്ന് വിചാരിച്ചു, അല്ലേ? അതോ, മനസ്സിലാവാഞ്ഞിട്ടാണോ?"ഇംഗ്ലീഷ്‌ ചുവയുള്ള മലയാളത്തില്‍ അവന്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്ന് ചമ്മിയെങ്കിലും അതൊരു പുഞ്ചിരിയിലൊതുക്കി ഉള്ള സത്യമങ്ങ്‌ തുറന്നു പറഞ്ഞു.
"ക്ലാസിലെ 'ദി മോസ്റ്റ്‌ പോപ്പുലര്‍' അതേ ക്ലാസിലെ 'ദി ലീസ്റ്റ്‌ പോപ്പുലര്‍'-നെ ശ്രദ്ധിക്കുമെന്ന് വിചാരിച്ചില്ല.."
മറുപടിയായി അവന്‍ കുസൃതി കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.ഒരുപക്ഷേ, ഈ ചിരിയിലായിരിക്കണം നാന്‍സി വീണുപോയത്‌.'സെന്‍ട്രല്‍'ല്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കാന്‍ തുടങ്ങിയെങ്കിലും നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ്‌ മാളില്‍ സമീറിനെപ്പോലൊരാള്‍ എന്തുചെയ്യുന്നുവെന്ന് ചോദിക്കുന്നത്‌ വിഡ്ഢിത്തമായിരിക്കുമെന്ന് കരുതി സ്വയം വിലക്കി.
സമീറിന്‌ പറയത്തക്ക മാറ്റമൊന്നുമില്ല.പഴയതുപോലെ നീണ്ടുമെലുഞ്ഞ ശരീരം. ലേറ്റസ്റ്റ്‌ ഫാഷനിലുള്ള ജീന്‍സും ടീഷര്‍ട്ടും ധരിച്ചിരിക്കുന്നു. കളര്‍ ചെയ്തു ചെമ്പനാക്കിയ മുടി കാറ്റില്‍ നൃത്തം വയ്ക്കുന്നു.(ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കുന്നു).തനിക്കും വലിയമാറ്റങ്ങളൊന്നുമുണ്ടാവാന്‍ സാദ്ധ്യതയില്ല.അല്ലെങ്കില്‍ പിന്നെ ഈ തിരക്കില്‍ തിരിച്ചറിയില്ലല്ലോ.
പ്ലസ്ടുക്ലാസിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രണയജോടികളായിരുന്നു സമീറും നാന്‍സിയും.രണ്ടുപേരും ക്ലാസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവര്‍.അദ്ധാപകരുടേ താക്കീതുകളെപ്പോലും മറികടന്ന് വികസിച്ച പ്രണയം.ഇവരെപ്പറ്റി ഗോസിപ്പുകള്‍ പറഞ്ഞുപരത്തുക എന്നത്‌ അക്കാലത്ത്‌ ഞങ്ങള്‍ സഹപാഠികളുടെ ഇഷ്ടവിനോദമായിരുന്നു.ശരിക്കും ഒരു 'പോപ്പുലര്‍' പ്രണയം തന്നെ.പിന്നീട്‌ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ചൂട്‌ തലയ്ക്കുപിടിച്ചപ്പോള്‍ മറന്നുപോയ പഴയ സുഹൃത്തുക്കളില്‍ ഇവരും ഉള്‍പ്പെട്ടു.പിന്നീടിപ്പോഴാണ്‌ സമീറിനെ കാണുന്നത്‌.ഇപ്പോള്‍ ഇവിടുത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്‌ സമീര്‍.
മടിച്ചുമടിച്ചാണെങ്കിലും ചോദിക്കുക തന്നെ ചെയ്തു:
"...നാന്‍സി...?"
ഓര്‍ക്കാപ്പുറത്തുണ്ടായ ചോദ്യത്തിന്റെ ചമ്മല്‍ മനോഹരമായൊരു പുഞ്ചിരിയില്‍ മറച്ചുകൊണ്ടവന്‍ പറഞ്ഞു:
"ഓ,അതോ?അതൊക്കെ അപ്പൊഴേ വിട്ടില്ലേ?നോക്ക്‌...",
കുറച്ചപ്പുറത്തു നിന്നിരുന്ന നീല ജീന്‍സും കറുപ്പ്‌ ടോപ്പുമിട്ട സുന്ദരിയെ ചൂണ്ടി അവന്‍ പറഞ്ഞു,
"അത്‌ നേഹ.മൈ ന്യൂ ഗേള്‍ഫ്രണ്ട്‌. കഴിഞ്ഞയാഴ്ച്ച ഒരു പാര്‍ട്ടിയില്‍ വെച്ച്‌ പരിചയപ്പെട്ടതാ.ഫാഷന്‍ ഡിസൈനറാണ്‌. അവള്‍ക്കൊരു ഗിഫ്റ്റ്‌ വാങ്ങാന്‍ കയറിയതാ..."

തിരിച്ച്‌ നടക്കുമ്പോള്‍, ഓര്‍മകളില്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ അടുക്കി വെയ്ക്കുവാന്‍ മനസ്സ്‌ പാടുപെടുകയായിരുന്നു.

Wednesday 22 August, 2007

അസ്തമയം

രാധയുടെ അമ്മയെ കാണാനില്ല.
കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു കള്ളം പറഞ്ഞ്‌ സൂരജിനെക്കാണാനിറങ്ങുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നു.ഉണ്ണാന്‍ വരില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉറപ്പില്ലെന്നാണവള്‍ മറുപടി നല്‍കിയത്‌. തിരിച്ചുവന്നപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുന്നു. താക്കോല്‍ പൂച്ചെടികള്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. അപ്പോള്‍ ദൂരെയെങ്ങും പോയിരിക്കില്ല. കുറച്ചുനേരം വീട്ടില്‍ത്തന്നെയിരുന്നിട്ടും കാണാഞ്ഞിട്ടാണു തിരഞ്ഞിറങ്ങിയത്‌. അമ്മ പോകാനിടയുള്ള സ്ഥലങ്ങള്‍- അടുത്ത വീടുകള്‍, മാധവേട്ടന്റെ പലചരക്കുകട- അങ്ങനെ പലയിടത്തും അന്വേഷിച്ചു. എവിടെയും ചെന്നിട്ടില്ല. പലരോടും ചോദിച്ചു. ഒരു വിവരവുമില്ല. അല്ലെങ്കിലും തിരക്കുപിടിച്ച ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയ്ക്ക്‌ അവളുടെ അമ്മയെ ശ്രദ്ധിക്കാന്‍ ആര്‍ക്കാണുനേരം? സാധാരണ തന്നോടുപറയാതെ അമ്മ എങ്ങോട്ടും പോകാറില്ല.കുറച്ചുനേരത്തേക്കാണെങ്കിലും തന്നോടുപറഞ്ഞിട്ടേ പുറത്തിറങ്ങാറുള്ളൂ. ഇതിപ്പോള്‍...
നടന്നുനടന്ന്‌ അവള്‍ എത്തിയത്‌ കടപ്പുറത്താണ്‌.അല്ലെങ്കിലും മനസ്സിന്റെ ഭാരമിറക്കിവെക്കാനുള്ള അവളുടെ യാത്രകള്‍ അവസാനിക്കാറുള്ളത്‌ കടപ്പുറത്താണ്‌.തിരക്കൊഴിഞ്ഞ ഒട്ടേറെ സായാഹ്നങ്ങള്‍ അവള്‍ ഇവിടെ ചിലവഴിച്ചിട്ടുണ്ട്‌-ഒറ്റയ്ക്കും അമ്മയോടൊപ്പവും.സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഇവിടം ശൂന്യമാണ്‌.നന്നായി.അല്ലെങ്കിലും ഇത്തരം അവസരങ്ങളില്‍ ഏകാന്തതീരം തന്നെയാണ്‌ നല്ലത്‌.എന്നാലും ഈ അമ്മയിതെവിടെപ്പോയി? വീട്ടില്‍പ്പോകാന്‍ മാത്രം അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ അമ്മയ്ക്കുള്ളതായി അറിവില്ല.അതിലവര്‍ക്ക്‌ പരാതിയുമില്ലായിരുന്നു.ഇവിടെയെങ്കിലും കാണുമെന്ന് വിചാരിച്ചിരുന്നു.ഇനിയെവിടെ തിരയും?രാധ അസ്വസ്ഥയായി.
അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു തിരച്ചിലാണ്‌.ജീവിതം തന്നെത്തന്നെ തേടിയുള്ള ഒരലച്ചിലാണെന്ന് സ്കൂളില്‍ പഠിപ്പിച്ച മുരളിമാഷ്‌ പറഞ്ഞിട്ടുണ്ട്‌.ഓരോരുത്തരും അവരവരുടെ ലോകത്ത്‌ അവരവര്‍ക്ക്‌ വേണ്ടപ്പെട്ടതെന്തൊക്കെയോ തിരയുന്നു.ചിലര്‍ അമ്മയെതിരയുന്നു, ചിലര്‍ അഛനെ. രാധ ഒരിക്കലും അഛനെ തിരഞ്ഞിട്ടില്ല.അതിനാ മുഖം ഓര്‍മയുണ്ടെങ്കിലല്ലെ?കോടതിമുറിയില്‍നിന്ന് അമ്മയെ ഒന്ന് തിരിഞ്ഞ്‌ നോക്കുകപോലും ചെയ്യാതെ കാറില്‍ക്കയറിപ്പോയ അഛന്‍.പിന്നീടൊരിക്കലും അവള്‍ അയാളെ കണ്ടിട്ടില്ല.കാണണമെന്ന് തോന്നിയിട്ടില്ല.അമ്മ ഒരിക്കലും അയാളെപ്പറ്റി അവളോട്‌ സംസാരിച്ചിട്ടില്ല.അവള്‍ ചോദിച്ചിട്ടുമില്ല.എന്തിന്‌ ചോദിക്കണം?മുഖം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത, തന്നെ വേണ്ടാത്ത ഒരു മനുഷ്യനെക്കുറിച്ചറിഞ്ഞിട്ടെന്തു കാര്യം?എങ്കിലും അമ്മ?അതും ഒരു വാക്കു പോലും പറയാതെ?അവസാനം കണ്ടപ്പോള്‍ അമ്മയോട്‌ നുണയല്ലേ പറഞ്ഞതെന്നാലോചിച്ചപ്പോള്‍ ഉള്ളിലെവിടെയോ ഒരു നീറ്റല്‍.
കടല്‍ ഇന്ന് പതിവിലേറെ ശാന്തമാണ്‌.സായഹ്നസൂര്യന്‌ പോലും ശൂന്യത ബാധിച്ചതുപോലെ.അമ്മ എന്നും കടലിനെ സ്നേഹിച്ചിരുന്നു.തന്റെ സുഖദുഖങ്ങള്‍ അവര്‍ പങ്കുവെച്ചത്‌ കടലിനോടയിരുന്നു. ഒരുപക്ഷേ, അമ്മയില്‍ നിന്നായിരിക്കണം കടലിനോട്‌ സംവദിക്കാന്‍ താന്‍ പഠിച്ചത്‌. കടല്‍ അമ്മയ്ക്ക്‌ ഉറ്റ സുഹൃത്തായിരുന്നു;തനിക്കും.
സമയം എത്ര കഴിഞ്ഞുവെന്നറിയില്ല.ഒരു കുഞ്ഞുതിര വന്ന് രാധയുടെ കാലുകളെ തഴുകി.അപ്പോള്‍ അവളതുകണ്ടു.നനഞ്ഞ മണലില്‍പൂണ്ടുകിടക്കുന്ന ഒരു സ്വര്‍ണ്ണമോതിരം. അമ്മയുടെ വിവാഹമോതിരം. അഛനുമായി പിരിഞ്ഞിട്ടിത്ര വര്‍ഷങ്ങല്‍ക്കു ശേഷവും അമ്മ അത്‌ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്നുവെന്ന് ഒരു നിശ്വാസത്തോടെ അവള്‍ ഓര്‍ത്തു.
"എന്റെ അമ്മയെവിടെ?"
ഉടന്‍ തന്നെ ഉത്തരം ലഭിച്ചു.അല്ലെങ്കില്‍ത്തന്നെ തന്റെ ഏതു ചോദ്യത്തിനാണ്‍ കടല്‍ ഉത്തരം നല്‍കാതിരുന്നിട്ടുള്ളത്‌?
"നിന്റെ അമ്മ എന്നില്‍ ചേര്‍ന്നു കഴിഞ്ഞു. ഇനി നീ ഉറങ്ങേണ്ടതെന്റെ മടിത്തട്ടിലാണ്‌."കടല്‍ അവളെ ക്ഷണിച്ചു.അവള്‍ ചെന്നു. ഒരു നീണ്ട മൗനത്തിലേക്ക്‌...അമ്മയുടെ മടിത്തട്ടിലേക്ക്‌...മൂകത ബാധിച്ച സായഹ്നം അവളില്‍ അസ്തമിച്ചു.