Wednesday 22 August, 2007

അസ്തമയം

രാധയുടെ അമ്മയെ കാണാനില്ല.
കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു കള്ളം പറഞ്ഞ്‌ സൂരജിനെക്കാണാനിറങ്ങുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നു.ഉണ്ണാന്‍ വരില്ലേയെന്ന് ചോദിച്ചപ്പോള്‍ ഉറപ്പില്ലെന്നാണവള്‍ മറുപടി നല്‍കിയത്‌. തിരിച്ചുവന്നപ്പോള്‍ വീട്‌ പൂട്ടിക്കിടക്കുന്നു. താക്കോല്‍ പൂച്ചെടികള്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. അപ്പോള്‍ ദൂരെയെങ്ങും പോയിരിക്കില്ല. കുറച്ചുനേരം വീട്ടില്‍ത്തന്നെയിരുന്നിട്ടും കാണാഞ്ഞിട്ടാണു തിരഞ്ഞിറങ്ങിയത്‌. അമ്മ പോകാനിടയുള്ള സ്ഥലങ്ങള്‍- അടുത്ത വീടുകള്‍, മാധവേട്ടന്റെ പലചരക്കുകട- അങ്ങനെ പലയിടത്തും അന്വേഷിച്ചു. എവിടെയും ചെന്നിട്ടില്ല. പലരോടും ചോദിച്ചു. ഒരു വിവരവുമില്ല. അല്ലെങ്കിലും തിരക്കുപിടിച്ച ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയ്ക്ക്‌ അവളുടെ അമ്മയെ ശ്രദ്ധിക്കാന്‍ ആര്‍ക്കാണുനേരം? സാധാരണ തന്നോടുപറയാതെ അമ്മ എങ്ങോട്ടും പോകാറില്ല.കുറച്ചുനേരത്തേക്കാണെങ്കിലും തന്നോടുപറഞ്ഞിട്ടേ പുറത്തിറങ്ങാറുള്ളൂ. ഇതിപ്പോള്‍...
നടന്നുനടന്ന്‌ അവള്‍ എത്തിയത്‌ കടപ്പുറത്താണ്‌.അല്ലെങ്കിലും മനസ്സിന്റെ ഭാരമിറക്കിവെക്കാനുള്ള അവളുടെ യാത്രകള്‍ അവസാനിക്കാറുള്ളത്‌ കടപ്പുറത്താണ്‌.തിരക്കൊഴിഞ്ഞ ഒട്ടേറെ സായാഹ്നങ്ങള്‍ അവള്‍ ഇവിടെ ചിലവഴിച്ചിട്ടുണ്ട്‌-ഒറ്റയ്ക്കും അമ്മയോടൊപ്പവും.സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ഇവിടം ശൂന്യമാണ്‌.നന്നായി.അല്ലെങ്കിലും ഇത്തരം അവസരങ്ങളില്‍ ഏകാന്തതീരം തന്നെയാണ്‌ നല്ലത്‌.എന്നാലും ഈ അമ്മയിതെവിടെപ്പോയി? വീട്ടില്‍പ്പോകാന്‍ മാത്രം അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ അമ്മയ്ക്കുള്ളതായി അറിവില്ല.അതിലവര്‍ക്ക്‌ പരാതിയുമില്ലായിരുന്നു.ഇവിടെയെങ്കിലും കാണുമെന്ന് വിചാരിച്ചിരുന്നു.ഇനിയെവിടെ തിരയും?രാധ അസ്വസ്ഥയായി.
അല്ലെങ്കിലും ഈ ജീവിതം തന്നെ ഒരു തിരച്ചിലാണ്‌.ജീവിതം തന്നെത്തന്നെ തേടിയുള്ള ഒരലച്ചിലാണെന്ന് സ്കൂളില്‍ പഠിപ്പിച്ച മുരളിമാഷ്‌ പറഞ്ഞിട്ടുണ്ട്‌.ഓരോരുത്തരും അവരവരുടെ ലോകത്ത്‌ അവരവര്‍ക്ക്‌ വേണ്ടപ്പെട്ടതെന്തൊക്കെയോ തിരയുന്നു.ചിലര്‍ അമ്മയെതിരയുന്നു, ചിലര്‍ അഛനെ. രാധ ഒരിക്കലും അഛനെ തിരഞ്ഞിട്ടില്ല.അതിനാ മുഖം ഓര്‍മയുണ്ടെങ്കിലല്ലെ?കോടതിമുറിയില്‍നിന്ന് അമ്മയെ ഒന്ന് തിരിഞ്ഞ്‌ നോക്കുകപോലും ചെയ്യാതെ കാറില്‍ക്കയറിപ്പോയ അഛന്‍.പിന്നീടൊരിക്കലും അവള്‍ അയാളെ കണ്ടിട്ടില്ല.കാണണമെന്ന് തോന്നിയിട്ടില്ല.അമ്മ ഒരിക്കലും അയാളെപ്പറ്റി അവളോട്‌ സംസാരിച്ചിട്ടില്ല.അവള്‍ ചോദിച്ചിട്ടുമില്ല.എന്തിന്‌ ചോദിക്കണം?മുഖം പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത, തന്നെ വേണ്ടാത്ത ഒരു മനുഷ്യനെക്കുറിച്ചറിഞ്ഞിട്ടെന്തു കാര്യം?എങ്കിലും അമ്മ?അതും ഒരു വാക്കു പോലും പറയാതെ?അവസാനം കണ്ടപ്പോള്‍ അമ്മയോട്‌ നുണയല്ലേ പറഞ്ഞതെന്നാലോചിച്ചപ്പോള്‍ ഉള്ളിലെവിടെയോ ഒരു നീറ്റല്‍.
കടല്‍ ഇന്ന് പതിവിലേറെ ശാന്തമാണ്‌.സായഹ്നസൂര്യന്‌ പോലും ശൂന്യത ബാധിച്ചതുപോലെ.അമ്മ എന്നും കടലിനെ സ്നേഹിച്ചിരുന്നു.തന്റെ സുഖദുഖങ്ങള്‍ അവര്‍ പങ്കുവെച്ചത്‌ കടലിനോടയിരുന്നു. ഒരുപക്ഷേ, അമ്മയില്‍ നിന്നായിരിക്കണം കടലിനോട്‌ സംവദിക്കാന്‍ താന്‍ പഠിച്ചത്‌. കടല്‍ അമ്മയ്ക്ക്‌ ഉറ്റ സുഹൃത്തായിരുന്നു;തനിക്കും.
സമയം എത്ര കഴിഞ്ഞുവെന്നറിയില്ല.ഒരു കുഞ്ഞുതിര വന്ന് രാധയുടെ കാലുകളെ തഴുകി.അപ്പോള്‍ അവളതുകണ്ടു.നനഞ്ഞ മണലില്‍പൂണ്ടുകിടക്കുന്ന ഒരു സ്വര്‍ണ്ണമോതിരം. അമ്മയുടെ വിവാഹമോതിരം. അഛനുമായി പിരിഞ്ഞിട്ടിത്ര വര്‍ഷങ്ങല്‍ക്കു ശേഷവും അമ്മ അത്‌ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്നുവെന്ന് ഒരു നിശ്വാസത്തോടെ അവള്‍ ഓര്‍ത്തു.
"എന്റെ അമ്മയെവിടെ?"
ഉടന്‍ തന്നെ ഉത്തരം ലഭിച്ചു.അല്ലെങ്കില്‍ത്തന്നെ തന്റെ ഏതു ചോദ്യത്തിനാണ്‍ കടല്‍ ഉത്തരം നല്‍കാതിരുന്നിട്ടുള്ളത്‌?
"നിന്റെ അമ്മ എന്നില്‍ ചേര്‍ന്നു കഴിഞ്ഞു. ഇനി നീ ഉറങ്ങേണ്ടതെന്റെ മടിത്തട്ടിലാണ്‌."കടല്‍ അവളെ ക്ഷണിച്ചു.അവള്‍ ചെന്നു. ഒരു നീണ്ട മൗനത്തിലേക്ക്‌...അമ്മയുടെ മടിത്തട്ടിലേക്ക്‌...മൂകത ബാധിച്ച സായഹ്നം അവളില്‍ അസ്തമിച്ചു.